അരിപ്പാറയിൽ മുങ്ങി മരണങ്ങൾ തുടരുമ്പോഴും അടിസ്ഥാന സൗകര്യ വികസനം അകലെ

0
171

അരിപ്പാറ വെള്ളച്ചാട്ടത്തിലെ മുങ്ങിമരണങ്ങൾ തുടർക്കഥയാകുമ്പോഴും അധികൃതർക്ക് നിസംഗത. കഴിഞ്ഞ ഏതാനും വർഷത്തിനുള്ളിൽ 23 പേരാണ് അരിപ്പാറയിലും പരിസരങ്ങളിലുമായി പുഴയിൽ മുങ്ങിമരിച്ചത്. അരിപ്പാറയിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളുടെ ജീവനാണ് പുഴയിൽ പൊലിയുന്നത്. കഴിഞ്ഞദിവസം മുങ്ങിമരിച്ച മഞ്ചേരി സ്വദേശി ഉൾപ്പെടെയുള്ളവർ പുഴയെക്കുറിച്ചും വെള്ളച്ചാട്ടത്തെക്കുറിച്ചും ഒരു ഗ്രാഹ്യവുമില്ലാതെ എത്തിയവരായിരുന്നു.

അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമാണ് അരിപ്പാറയെ അപകടക്കെണിയാക്കുന്നത്. ജില്ലാ ടൂറിസം കൗൺസിലിന്റെ നേതൃത്വത്തിൽ 2012 ൽ ആരംഭിച്ച വികസനപദ്ധതികൾ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. ഫെസിലിറ്റേഷൻ സെന്റർ, റോഡ് ടോയ്‌ലെറ്റ് ബ്ലോക്ക്, പാർക്കിങ് സൗകര്യം, പുഴതീരത്ത് കൈവരികൾ, മുന്നറിയിപ്പ് ബോർഡുകൾ എന്നിവയെല്ലാമാണ് ആവശ്യമായുള്ളത്. 48 ലക്ഷം രൂപയുടെ പ്രവ‍ൃത്തിയിൽ ഫെസിലേറ്റഷൻ സെന്ററിന്റെ കുറച്ച് ഭാഗങ്ങളും ടോയ്‌ലെറ്റ് ബ്ലോക്കിന്റെ സ്ട്രച്ചറും നിർമിച്ചിട്ടുണ്ട്.

തകർന്ന റോഡും കൈവരിയില്ലാത്ത പുഴ തീരവും വഴുക്കൽനിറഞ്ഞ പാറക്കെട്ടുകളും ആഴമേറിയ കുത്തൊഴുക്കുകളും ഇവിടത്തെ വെല്ലുവിളികളാണ്. സംരക്ഷണവേലി നിർമിക്കുകയും വിവിധ ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്താൽ അപകടങ്ങൾ കുറയ്ക്കാൻ സാധിക്കും. സന്ദർശകരുടെ ലഹരി ഉപയോഗവും തടയണം. തുടർ മരണങ്ങൾ ഉണ്ടാകുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ അധികൃതർ ഇത്രമാത്രം അവഗണിക്കുന്നത് മനുഷ്യജീവനോട് കാണിക്കുന്ന ക്രൂരതയാണെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here