കേര കര്‍ഷകര്‍ക്ക് താങ്ങായി പള്ളിപ്പാലം നാളികേര വികസന സൊസൈറ്റി.

0
212

           2010 ല്‍ പുല്ലൂരാംപാറ ഇടവകയില്‍ പള്ളിപ്പാലത്തിന് അക്കരയുള്ള വാര്‍ഡുകളിലെ അറുപത്തഞ്ചോളം തെങ്ങുക്യഷിക്കാര്‍ ശ്രീ സണ്ണി കൊടുകപ്പള്ളിയുടെ നേത്യത്വത്തില്‍ ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം രൂപീകരിക്കപ്പെട്ട പള്ളിപ്പാലം നാളികേര വികസന സൊസൈറ്റി, നാളികേര വികസന ബോര്‍ഡിന്റെ അംഗീകാരവും നേടി രജിസ്റ്റര്‍ ചെയ്യപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘമാണ്. സൊസൈറ്റിയുടെ തുടക്കകാലത്ത് കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഘത്തിന് കഴിഞ്ഞിരുന്നില്ല, എങ്കിലും ഭരണ സമിതി എല്ലാ മാസങ്ങളിലും ചേരുകയും ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും നാളികേര വികസന ബോര്‍ഡ് നല്കുന്ന പരിശീലന പരിപാടികളില്‍  പരമാവധി പങ്കെടുക്കുകയും ബോര്‍ഡുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരുകയും ചെയ്തിരുന്നു.
              2012 ലെ കൊപ്ര വിലയിടിവു കാലത്ത് സൊസൈറ്റിയിലെ ക്യഷിക്കാരില്‍ നിന്നും  ശേഖരിച്ച കൊപ്ര കേര ഫെഡിനു നല്കിയത് മൂലം ക്യഷിക്കാര്‍ക്ക് അധിക വരുമാനം നേടി കൊടുക്കാനും, സൊസൈറ്റിക്ക് പ്രവര്‍ത്തന മൂലധനം സ്വരൂപിക്കാനും കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം സൊസൈറ്റിയിലെ  69 ക്യഷിക്കാരുടെ  4269 തെങ്ങുകള്‍ക്ക് വളത്തിനും ഇടവിളക്യഷിക്കുമായി തെങ്ങൊന്നിന് നൂറു രൂപ പ്രകാരം നാലു ലക്ഷത്തിലധികം രൂപയുടെ ആനുകൂല്യം നേടികൊടുക്കാന്‍ സൊസൈറ്റിക്കു സാധിച്ചു. സൊസൈറ്റിയുടെ പ്രവര്‍ത്തന മികവിന് നാളികേര വികസന ബോര്‍ഡ് നല്കിയ അംഗീകാരമാണ് ഈ സഹായം.
               ഈ വര്‍ഷം മുതല്‍ നടപ്പാക്കുന്ന തെങ്ങു ക്യഷി പുനരുദ്ധാരണ പദ്ധതിക്ക് സൊസൈറ്റി തയാറെടുത്തു കഴിഞ്ഞു. രോഗം  ബാധിച്ചതും കായ് ഫലം കുറഞ്ഞതും  മുറിച്ചു മാറ്റേണ്ടതുമായ  തെങ്ങുകളുടെ കണക്കെടുപ്പ് ആരംഭിച്ചു. പദ്ധതിയില്‍ തെങ്ങു മുറിച്ചു മാറ്റുന്നതിന്, തെങ്ങൊന്നിന് 500 രൂപയും തൈ വെക്കാന്‍ 20 രൂപയുടെയും സഹായം ലഭ്യമാക്കാന്‍  ബോര്‍ഡിന്റെ അംഗീകാരമുള്ള നഴ്സറിയിലെ തൈകള്‍ ആവശ്യമായതിനാല്‍ സൊസൈറ്റി ഉള്‍പ്പെടുന്ന കേരമിത്ര ഫെഡറേഷന്റെ കീഴില്‍ ഗുണമേന്മയുള്ള പതിനായിരത്തിലധികം വരുന്ന മലയന്‍ കുറിയ പച്ച തൈകള്‍ തയ്യാറായിട്ടുണ്ട് .
              നീര ടാപ്പിംഗിനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. അതേ സമയം തൊണ്ടു തല്ലുന്ന ഒരു പോര്‍ട്ടബിള്‍ മെഷ്യന്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിച്ചു വരുന്നു. ഭാവിയില്‍ ക്യഷിയുമായി ബന്ധപ്പെട്ട് ചെറികിട യന്ത്രങ്ങള്‍ കുറഞ്ഞ വാടകയ്ക്ക് നല്കാനും വലിയ മുതല്‍ മുടക്കില്ലാത  തേങ്ങ അനുബന്ധ സംരംഭങ്ങളും ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നതിന്റെ ആദ്യ ചുവടുവെപ്പായി പാട്ടത്തിനെടുത്ത സ്ഥലത്ത് ക്യഷിക്കാരുടെ മുതല്‍ മുടക്കില്‍ ഓഫീസ് കെട്ടിടം  ജനുവരി 31 നു മുന്‍പായി നിര്‍മിക്കാന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
          സൊസൈറ്റിയുടെ  എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദനമായി മുന്നില്‍ നില്ക്കുന്നത് പ്രസിഡന്റ് സണ്ണി കൊടുകപ്പിള്ളിയില്‍, സെക്രട്ടറി  ജോസഫ് ചാക്കോ (ബിജു) ചോക്കാട്ട്, സ്കറിയ മണിയങ്ങാട്ട്, ബേബി പൂവത്തിങ്കല്‍  ഷാജി മിറ്റത്താനി, സാജു കളത്തൂര്‍, സാജന്‍ കൂടുങ്കല്‍, ജോര്‍ജ് വിളക്കുന്നേല്‍,  ജോജോ നങ്ങ്യാകുളം  എന്നിവരടങ്ങുന്ന ഭരണ സമിതിയാണ്. കൂടാതെ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും പൊതുയോഗങ്ങളില്‍ മറ്റെല്ലാ  കാര്യങ്ങളും മാറ്റി വെച്ച് കടന്നും വരുന്ന അംഗങ്ങളുമാണ് സൊസൈറ്റിയുടെ ഊര്‍ജ്ജം.
               നീര ഉല്പാദനം, മറ്റു പല മൂല്യ വര്‍ദ്ധിത ഉല്പന്ന നിര്‍മാണം തുടങ്ങിയ പല സംരംഭങ്ങളും പത്തില്‍ കുറയാത്ത സൊസൈറ്റികള്‍ ഉള്‍പ്പെടുന്ന ഫെഡറേഷനുകള്‍, കമ്പനികള്‍വഴിയാണ്, ബോര്‍ഡ് നടപ്പാക്കാനുദ്ദേശിക്കുന്നത്. അതിനാല്‍ നമ്മുടെ നാട്ടിലെ കര്‍ഷകര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള വലിയൊരു വരുമാന മാര്‍ഗം  നേടിയെടുക്കാന്‍ എല്ലാ സൊസൈറ്റികളുടെയും സജീവമായ പ്രവര്‍ത്തനം ആവശ്യമാണ്. മലയോര മേഖലയിലെ കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗമായ തെങ്ങുക്യഷിയുടെ വികസനത്തിന് പള്ളിപ്പാലം നാളികേര വികസന സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മേഖലയിലെ മറ്റു സൊസൈറ്റികള്‍ക്ക് വഴിക്കാട്ടുന്നതാണ്.
news from – pullooramparavarthakal.blogspot.in

LEAVE A REPLY

Please enter your comment!
Please enter your name here