ചെമ്പുകടവില്‍ ഇന്നു അതിരാവിലെ വീശിയടിച്ച ചുഴലിക്കാറ്റിലും, ഉരുള്‍പൊട്ടലിലും വന്‍ നാശനഷ്ടങ്ങള്‍

0
493

     ചെമ്പുകടവില്‍ ഇന്നു അതിരാവിലെ വീശിയടിച്ച ചുഴലിക്കാറ്റിലും, ഉരുള്‍പൊട്ടലിലും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. പുലര്‍ച്ചെ 5.15ന് ഒരു വലിയ ശബ്ദത്തോടു കൂടി ഇടിമിന്നലുണ്ടാകുകയും തുടര്‍ന്ന്  ചെമ്പുകടവ് പാലത്തിനക്കരെ അങ്ങാടിയിലും പരിസര പ്രദേശങ്ങളിലുമായി  .ചുഴലിക്കാറ്റ് വീശിയടിക്കുകയുമായിരുന്നു. ഇതേ സമയം തന്നെ തുഷാരഗിരി വനപ്രദേശത്തും, ജീരകപ്പാറയിലും ഉരുള്‍പൊട്ടുകയും തുടര്‍ന്ന് ചാലിപ്പുഴ  കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തു. ചെമ്പുകടവ് അങ്ങാടിയില്‍ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകി വന്നതോടു കൂടി അടിവാരം – ചെമ്പുകടവു റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ദുരന്ത ബാധിത പ്രദേശം മണിക്കൂറുകളോളം നേരത്തേക്ക് ഒറ്റപ്പെടുകയുണ്ടായി.
       ചെമ്പുകടവ് അങ്ങാടിയിലും സമീപത്തുള്ള അംബേദ്ക്കര്‍ കോളനിയിലുമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ മരം വീണ് നിരവധി വീടുകള്‍ പൂര്‍ണ്ണമായും, ഭാഗികമായും തകരുകയുണ്ടായി. ദുരന്തത്തില്‍ മൂന്നു കുട്ടികളടക്കം ആറു പേര്‍ക്ക് പരിക്കേറ്റു പരിക്കേറ്റവരെ ആംബുലന്‍സില്‍ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും താമരശ്ശേരി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. വീട് തകര്‍ന്നവരെ ചെമ്പുകടവ് ഗവ. യു.പി സ്കൂളില്‍ ആരംഭിച്ചിരിക്കുന്ന താല്ക്കാലിക ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റിയിട്ടുണ്ട്.
        ദുരന്തമുണ്ടായ ഉടനെ മുക്കത്തു നിന്നും  മറ്റുമായി ആറോളം ഫയര്‍ ആന്‍ഡ് റെസ്ക്യു യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. ചുഴലിക്കാറ്റിലാണ് പ്രദേശത്ത് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. കോടഞ്ചേരി മേഖലയില്‍ വൈദ്യുതി ടെലഫോണ്‍ ബന്ധങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് വന്‍ ക്യഷിനാശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ഇവിടങ്ങളില്‍ ജനവാസം കുറവായതിനാല്‍ ആള്‍ നാശമുണ്ടായിട്ടില്ല.
   ചെമ്പുകടവില്‍ ദുരന്തമുണ്ടായ വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന്  നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകളാണ് ഇങ്ങോട്ടേക്കൊഴുകിക്കൊണ്ടിരിക്കുന്നത് ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും  ചേര്‍ന്നാണ് രക്ഷാപ്രവര്‍ ത്തനങ്ങള്‍ നടത്തുന്നത്. മന്ത്രി എം.കെ. മുനീര്‍ കളക്ടര്‍ ആര്‍.ഡി.ഒ., സ്ഥലം എം.എല്‍ എ., താമരശ്ശേരി ബിഷപ്പ്  തുടങ്ങിയവര്‍ ദുരന്ത ബാധിത പ്രദേശങ്ങളും , ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു.
                                      ദുരന്തത്തിന്റെ കൂടുതല്‍ ദ്യശ്യങ്ങള്‍
news from – pullooramparavarthakal.blogspot.in

LEAVE A REPLY

Please enter your comment!
Please enter your name here