വിദ്യാർഥികളെ ബസിൽ കയറ്റുന്നില്ല; മുക്കം സ്റ്റാൻഡിൽ അടിപിടി

0
374

ബസ് സ്റ്റാൻഡിൽ വിദ്യാർഥികളെ ബസിൽ കയറ്റാത്തതിനെച്ചൊല്ലി എസ്എഫ്ഐ പ്രവർത്തകരും ബസ് ജീവനക്കാരും തമ്മിൽ അടിപിടി. മൂന്ന് എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റു. സംഘർഷാവസ്ഥയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ലാത്തി വീശി ഓടിച്ചു. പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളെ അഭിമുഖം നടത്തി ബസിൽ കയറ്റുന്നതിനെച്ചൊല്ലി ബസ് സ്റ്റാൻഡിൽ കശപിശ സ്ഥിരമാണ്. ഇവ നിയന്ത്രിക്കാൻ ഒരു ഹോം ഗാർഡ് മാത്രമേയുള്ളൂ.

വിദ്യാർഥികളെ വാതിലിനു സമീപം നിർത്തി ചോദ്യം ചെയ്ത് കയറ്റുന്നതിനെതിരെ എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തുന്നുണ്ട്. ഇന്നലെ മൂന്ന് മണിക്കു തന്നെ എസ്എഫ്ഐ പ്രവർത്തകർ വിദ്യാർഥികളെ ബസുകളിൽ കയറ്റുന്നതിന് എത്തിയിരുന്നു. മിക്ക ജീവനക്കാരും എസ്എഫ്ഐ പ്രവർത്തകരോട് സഹകരിച്ചു. നാലര മണി കഴിഞ്ഞെത്തിയ മുക്കം കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാർ ഇതു ചോദ്യം ചെയ്തതോടെയാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്.

വാക്കേറ്റത്തിനിടയിൽ പുറമെ നിന്നെത്തിയവരും എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചുവെന്ന് പരാതിയുണ്ട്. ഹോം ഗാർഡ‍് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് കൂട്ടംകൂടിയവരെ ലാത്തി വീശി ഓടിച്ചു. ജീവനക്കാരുമായുണ്ടായ അടിപിടിയിൽ പരുക്കേറ്റ എസ്എഫ്ഐ ഏരിയ പ്രസിഡന്റ് വി. വൈശാഖ്, സെക്രട്ടരി റഫീഖ് ചോണാട്, ജോസഫ് എന്നിവരെ മുക്കം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മർദനത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ജോസഫ്, കോളിൻ, റാഷിദ്, റഫീഖ്, വൈശാഖ് എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം മണാശ്ശേരി ഗവ. സ്കൂളിന് സമീപം വച്ചും ബസ് ജീവനക്കാർ വിദ്യാർഥികളെ മർദിച്ചതായി പരാതി ഉണ്ട്. ബസിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാ‍ർഥികളെ മർദിച്ചതെന്നാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here